
കൽപറ്റ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ദുരന്തമുണ്ടാകുമ്പോൾ കേന്ദ്രസർക്കാർ സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, സഹായിക്കാനെത്തുന്നവരെ അതിന് അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയത്.
കഴിഞ്ഞ രണ്ട് സർക്കാരുകൾക്കിടയിൽ ഒരു നാടിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങൾ കേരളം ഏറ്റുവാങ്ങിയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടുമാണ് കേരളം നേരിട്ടത്. ദുരന്തങ്ങളിൽ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേന്ദ്രത്തിൻറെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണെന്നും യാചിച്ച് വാങ്ങേണ്ട ഒന്നല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സഹായം നൽകേണ്ടവർ സഹായം നിഷേധിക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് ഗുജറാത്ത് ദുരന്തം നേരിട്ടപ്പോൾ വിദേശത്ത് നിന്നടക്കം സഹായം വാങ്ങി. എന്നാൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ മോദി വിദേശ സഹായം സംസ്ഥാനം സ്വീകരിക്കുന്നതിൽ നിഷേധ നിലപാട് സ്വീകരിച്ചു. കേന്ദ്രം സഹായം നൽകുന്നുമില്ല, സഹായം തരുന്നവരെ തടയുകയും ചെയ്യുന്നു.
ദുരന്ത സഹായം സ്വീകരിക്കാൻ വിദേശത്ത് പോകാൻ മന്ത്രിമാർക്ക് അനുമതിയും നിഷേധിച്ചു. എന്ത് പാതകം ചെയ്തിട്ടാണ് ഈ നിലപാട് എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തേയും അദ്ദേഹം വിമർശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിർത്തു. സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. പണം നൽകേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി










